മുക്കൂട്ടുതറ: എൽപി സ്കൂൾ വളപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പത്ത് അടി ഉയരത്തിൽ കൂറ്റൻ രൂപം. നിർമിച്ചതാകട്ടെ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട്.
വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലെ കുട്ടികളാണ് 480 കുപ്പിക്കട്ടകൾ (ഇക്കോ ബ്രിക്സ്) കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ രൂപം ഒരുക്കിയത്. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കൊച്ചുകുട്ടികളിലും ആവോളമുണ്ട് എന്നതിന്റെ കാഴ്ച കൂടിയാണ് ഈ സ്കൂൾ.
സ്കൂളിലെ ഫെയർ ഫീൽഡ് സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിസ്ഥിതി സംരക്ഷണവും സംയോജിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രൂപം നിർമിച്ചതെന്ന് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു. ഇതിനായി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കൾ കുത്തി നിറച്ചാണ് ഇക്കോ ബ്രിക്സ് (കുപ്പിക്കട്ടകൾ) കുട്ടികൾ നിർമിച്ചത്.
വീടുകളിൽനിന്നും വിദ്യാലയ പരിസരത്തുനിന്നും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ഇതിനായി കുട്ടികൾ ശേഖരിച്ചു. ലോകകപ്പിന്റെ ആവേശം നിറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ രൂപം.
സ്കൂളിൽ നടന്ന ലോകകപ്പ് വിളംബര പരിപാടിയായ വൺ ഗോൾ വൺ ഡ്രീമിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ടി.കെ. ജയിംസ് നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺസൺ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജ്യൂവൽ എൽസ, അക്ഷയ് എം. അജയ്, അർപ്പിത് മോളിക്കൽ, എയ്ഡൻ ഷൈനു എന്നിവർ പ്രസംഗിച്ചു.